Monday, June 1, 2009

ആമി...ഒരു മന്ത്രവാദിനി

ആമി, അവള്‍ അഗ്നിയായിരുന്നു. ഉള്ളില്‍ അഗ്നി ആവേശിച്ചവര്‍ക്ക് സ്വാന്തനമായ ഒരു അഗ്നിമഴ.. മേഘമാറിടങ്ങളില്‍ നിന്നും മേഘഗര്‍ജനങ്ങള്‍ ചുരത്തിയ ഉന്മാദിനിയായ ഒരു അമ്മ.... മാധവിക്കുട്ടിയായും കമലയായും സുരയ്യയായും സ്വത്വങ്ങളില്‍ നിന്നും സ്വത്വങ്ങളിലേക്ക് പരകായ പ്രവേശം നടത്തിയ ഒരു മന്ത്രവാദിനി...പരശ്ശതം സത്യങ്ങളെ തീരങ്ങളിലേക്ക് വലിച്ചെറിഞ്ഞ ഒരു ക്ഷോഭക്കടലായിരുന്നു അവര്‍...പക്ഷെ മുത്തുകളെയും പവിഴങ്ങളെയും മാത്രം അപഹരിച്ചവര്‍ക്ക് കടലിനെ സ്നേഹിക്കുവാന്‍ കഴിഞ്ഞില്ല...ശാന്തമായ അവള്‍ അവര്‍ക്ക് കാമുകിയും ക്ഷുഭിതയായ അവള്‍ അവര്‍ക്ക് നിക്രുഷ്ടയും ആയിരുന്നു...കടലിന്‍റെ ക്ഷോഭവിക്ഷോഭങ്ങളെയും തേങ്ങലുകളെയും അവളുടെ തീരങ്ങള്‍ പോലും മനസിലാക്കിയതില്ല ....അവസാനങ്ങളില്‍ ഒരു കണ്ണീര്‍ത്തുള്ളി പോലും അവളോടൊത്ത് നില്ക്കാന്‍ ആഗ്രഹിച്ചില്ല....അതിനെ ഓര്‍ത്തു ആത്മ നിന്ദയില്‍ നനഞ്ഞതാവട്ടെ ഓരോ മലയാളിയുടെയും ഹൃദയം...